ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂതിരി രാജവംശത്തിന്റെ അധീനതയിലായിരുന്ന മുതുവല്ലൂര്‍ നാട്ടുരാജ്യത്തിലെ പത്തു ദേശങ്ങളുടെ ഭാഗമായിരുന്നു ഈ പ്രദേശവും. ചീക്കോട് കോവിലകത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശങ്ങള്‍ എന്ന ചരിത്രസൂചനകള്‍ നിലവിലുണ്ട്. ഈ പ്രദേശങ്ങളില്‍ പൌരാണികകാലത്ത് ഇരുമ്പുസംസ്കരണം നടന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  ഈ പ്രദേശത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട ചരിത്രരേഖകളാണ് മുതുവല്ലൂരിലെ പെരും തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് പുരാവവസ്തു ഗവേഷകര്‍ കണ്ടെടുത്ത ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാലിഖിതങ്ങള്‍. ആദ്യകാല വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന എഴുത്തച്ഛന്‍ പള്ളിക്കൂടങ്ങളും ഓത്തുപള്ളികളും ഇവിടെയുമുണ്ടായിരുന്നു. വിളയില്‍ അല്ലംകണ്ടിയില്‍ ചാത്തുക്കുട്ടിനായരുടെ എഴുത്തച്ഛന്‍ പള്ളിക്കൂടം 1886 വരെ നിലവിലുണ്ടായിരുന്നു. മലബാര്‍, ടിപ്പുവിന്റെ ഭരണത്തിന്‍ കീഴില്‍ വന്നപ്പോഴാണ്, യാഥാര്‍ത്ഥ കുടിയാന്മാര്‍ക്ക് ഭൂമിയുടെ അവകാശം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങി ജീവിക്കുന്നതിലും നല്ലത്, അവര്‍ക്കെതിരെ പോരാടി മരിക്കലാണെന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആഹ്വാനമുള്‍ക്കൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ രണഭൂമിയില്‍ പോരാടി മരിച്ച, ഓമാനൂരിലെ പറമ്പന്‍കുന്നന്‍ അത്തനുണ്ണി ഹാജിയും, അവ്ലന്‍ കുട്ടി ഹാജിയും എക്കാലവും സ്മരണീയരായ വ്യക്തികളാണ്.

 ഐക്യകേരളം നിലവില്‍ വരുന്നതിനു മുന്‍പ്, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭാഗമായിരുന്നു ഈ പ്രദേശവും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാളപൂട്ട് ആഘോഷപൂര്‍വ്വം നടന്നിരുന്നു. ഇന്നും മുതവല്ലൂരില്‍ നടക്കാറുള്ള കാളപൂട്ട് പ്രശസ്തമാണ്. ക്ഷേത്രകലകളായ തിറ, താലപ്പൊലി, അയ്യപ്പന്‍ വിളക്കു പോലുള്ള അനുഷ്ഠാനങ്ങള്‍ അനല്‍പമായി സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ട്. 1957-ല്‍ വിളയില്‍ സ്ഥാപിച്ച യുവജനവായനശാലയുടെ പ്രവര്‍ത്തനത്തോടെയാണ് ജനകീയ വിദ്യാഭ്യാസത്തിന് ഈ ഗ്രാമം തുടക്കം കുറിക്കുന്നത്.